കസേര
- Sreekumar

- Jul 4
- 3 min read

മഴക്കാലം അവസാനിച്ചിരുന്നു.
പണ്ടൊരിക്കൽ വൈക്കോലിന്റെ മണവും പശുക്കളുടെ ശ്വാസവും നിറഞ്ഞിരുന്ന തൊഴുത്തിൽ ഇപ്പോൾ പഴകിയ മാറാലയിൽ വീണ മഴവെള്ളത്തിന്റെ മണം മാത്രം. മേൽക്കൂരയിലെ ഓടുകൾക്കിടയിലൂടെ ഇറങ്ങുന്ന വെളിച്ചം ചിലന്തി വലയിലെ പൊടിക്കണങ്ങളിൽ കുടുങ്ങിനിന്നു തിളങ്ങുന്നു.
തൊഴുത്തിന്റെ വടക്കേ മൂലയിൽ പഴകിയ തടികൾക്കിടയിൽ ഒരു പഴയ ചാരുകസേര, തേക്കിൻ മരത്തിൽ തീർത്തത്.
കൈവരികളിലെ കൊത്തുപണികൾ ഇപ്പോഴും മാഞ്ഞിരുന്നില്ല. എന്നാൽ ഒരു കാലിന് ചുറ്റും ചിതൽപുറ്റ് ഉയർന്നിരുന്നു. മണ്ണുകൊണ്ട് പതുക്കെ ആരോ അതിനെ ഭൂമിയിലേക്ക് വലിച്ചിഴയ്ക്കുന്നതുപോലെ.
ചിതൽപുറ്റിൽ നിന്ന് ഒരു ചെറിയ ചിതൽ പുറത്തുവന്നു ഒരു ചെറു നിശ്വാസത്തോടെ അവനാ കസേര അടിമുടി നോക്കി.
ഒരുകാലിളകിയിട്ടും അവൻ അഭിമാനത്തോടെ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു.
“നീ ആരെയാണ് ഇങ്ങനെ നോക്കി ഇരിക്കുന്നത്?”
കസേര ചിരിച്ചു.
“അദ്ദേഹം വന്നാൽ ഞാൻ കുനിഞ്ഞുകിടക്കാൻ പാടില്ല.”
ചിതൽ ചുറ്റും നോക്കി.
ആരെയും കണ്ടില്ല.
“ആരാണ് അദ്ദേഹം?”
“ഈ വീട്ടിലെ കാരണവർ.”
ചിതൽ ഒന്നും മിണ്ടിയില്ല.
ചിതലിന്, ഈ തൊഴുത്ത്, പിറന്ന കാലം മുതൽ ശൂന്യമായിരുന്നു.
………
ഓരോ സന്ധ്യയിലും കസേര കാത്തിരിക്കും. മുറ്റത്ത് കാലൊച്ച കേൾക്കുന്നുണ്ടോ എന്ന് കാതോർക്കും.
കുളത്തിൽ വെള്ളം തെറിക്കുന്ന ശബ്ദമുണ്ടോ എന്ന്, കുളികഴിഞ്ഞ് തോർത്ത് തോളിലിട്ട് അദ്ദേഹം നടന്ന് വരുന്നുണ്ടോ?
അകത്തുനിന്ന് മരുമക്കൾ ഓടിയെത്തും.
കൊച്ചുമക്കൾ കളി നിർത്തും. വിളക്കുകൾ തെളിയും.
അദ്ദേഹം വന്ന് കസേരയിൽ ഇരിക്കും.
അപ്പോൾ വീട് മുഴുവൻ ശ്വാസം പിടിച്ചുനിൽക്കും.
കസേരയ്ക്ക് ആ നിശ്ശബ്ദത ഇഷ്ടമായിരുന്നു., ആ നിശ്ശബ്ദത തന്നെയായിരുന്നു തന്റെ ശക്തിയെന്ന് അത് വിശ്വസിച്ചു.
…….
“അദ്ദേഹം എല്ലാ ദിവസവും വന്നിരുന്നോ?”
ചിതൽ ചോദിച്ചു.
“ഒരിക്കൽ പോലും വൈകിയിട്ടില്ല.”
“ഇന്നലെ വന്നില്ലല്ലോ.”
“വയസ്സായില്ലേ.”
“അതിനു മുന്നേയും വന്നില്ല.”
“കാൽവേദന കാണും, കുഴമ്പിട്ട് കട്ടിലിൽ ഇരുന്നിട്ടുണ്ടാവും ”
“അതിന് മുമ്പും വന്നില്ല.”
കസേര അല്പം ദേഷ്യത്തോടെ നോക്കി
ചിതൽ പതുക്കെ മണ്ണിനുള്ളിൽ കയറി കസേരയുടെ കാലിൽ കടിച്ചുകൊണ്ടിരുന്നു.
കസേര ആകാശത്തേക്ക് നോക്കി. കാത്തിരിപ്പ് മരത്തിനും പ്രായം കൂട്ടുമെന്ന് അതിന് അപ്പോഴും അറിയില്ലായിരുന്നു.
….
കസേരയ്ക്ക് എല്ലാവരുടെയും ഭാരം ഓർമ്മയുണ്ടായിരുന്നു.
കാരണവർ ഇരിക്കുമ്പോൾ മരത്തിൽ ഉറച്ച അമർപ്പ്.
അത് അധികാരത്തിന്റെ ഭാരം.
മൂത്ത മകൻ ഇരുന്നപ്പോൾ മറ്റൊരു ഭാരം.
കൃഷിയുടെ കടം.
സഹോദരിമാരുടെ വിവാഹം.
മക്കളുടെ പഠനം.
ഇളയ മകൻ ഒരിക്കലും അതിൽ അധികനേരം ഇരുന്നില്ല. അവൻ ഇരിക്കുമ്പോൾ കാലുകൾ വിറയ്ക്കുമായിരുന്നു. അയാൾക്ക് ആ കസേര ഇഷ്ടമായിരുന്നില്ല.
“എന്താ?”
ചിതൽ ചോദിച്ചു.
കസേര ചെറുതായി ചിരിച്ചു.
“അവൻ ചിരിക്കാൻ അറിയാമായിരുന്നു.”
“അതുകൊണ്ട്?”
“ഈ കസേരയിൽ ഇരുന്നവർ അധികം ചിരിക്കാറുണ്ടായിരുന്നില്ല .”
….
വർഷങ്ങൾ ഒഴുകി. റേഡിയോ വന്നു. ടെലിവിഷൻ വന്നു. വീട്ടിൽ ഫ്രിഡ്ജ് വന്നു. വിദേശത്ത് നിന്ന് പെട്ടികൾ വന്നു. പക്ഷേ നടുമുറ്റത്തെ കസേര മാറിയില്ല. അതിൽ ഇരുന്ന ആളുകൾ മാത്രം മാറി. ഓരോരുത്തരും അതിൽ ഇരുന്ന ആദ്യദിവസം ഒരുപോലൊരു നിശ്ശബ്ദത വീട്ടിൽ പടരുമായിരുന്നു.
അപ്പോൾ കസേര അഭിമാനിക്കും.
“എന്നെ എല്ലാവരും ബഹുമാനിക്കുന്നു.”
ആരും അതിനെ തിരുത്തിയില്ല.
….
ഒരു ദിവസം ചെറിയൊരു പെൺകുട്ടി ഓടിവന്ന് കസേരയിൽ കയറി. കൈവരിയിൽ കാലിട്ടിരുന്നു.
അവൾ ചിരിച്ചു.
അപ്പോൾ അകത്തുനിന്ന് ഒരു ശബ്ദം.
“അവിടെ ഇരിക്കരുത്.”
കുട്ടി ചാടി ഇറങ്ങി.
കസേര സന്തോഷിച്ചു.
“കണ്ടോ… എന്നെ ഇന്നും എല്ലാവർക്കും പേടിയാണ്.”
പക്ഷേ അന്ന് രാത്രി കാരണവർ കസേരയിൽ ഇരുന്ന് ഒറ്റയ്ക്ക് പറഞ്ഞു.
“കുഞ്ഞുങ്ങളെ പേടിപ്പിച്ച് വളർത്തരുത്.”
ആ വാക്കുകൾ കസേര കേട്ടിരുന്നു. പക്ഷെ അദ്ദേഹം എന്തിനാവും തന്നെ ശാസിച്ചത് എന്ന് മാത്രം മനസിലായില്ല.
…..
“നിന്നെ ബഹുമാനിച്ചിരുന്നോ…”
ചിതൽ ചോദിച്ചു.
“…അതോ അതിൽ ഇരുന്ന മനുഷ്യനെയോ?”
കസേര ഒന്നും മിണ്ടിയില്ല .
തന്റെ ഓർമ്മകളിലേക്ക് അത് വീണ്ടും സഞ്ചരിച്ചു .
ആരും ഒരിക്കലും കസേരയെ നോക്കി എഴുന്നേറ്റിട്ടില്ല. അവർ നോക്കിയത്… അതിൽ ഇരുന്ന മനുഷ്യന്റെ കണ്ണുകളിലേക്കായിരുന്നു.
ആരും കസേരയോട് അനുവാദം ചോദിച്ചിട്ടില്ല.
ആരും കസേരയോട് ക്ഷമ ചോദിച്ചിട്ടില്ല.
ആരും കസേരയെ സ്നേഹിച്ചിട്ടില്ല.
അതിൽ ഇരുന്ന മനുഷ്യനെ മാത്രമാണ്.
മരത്തിന്റെ ഉള്ളിലൂടെ എവിടെയോ ഒരു തരിപ്പ് തോന്നി.
…..
“അപ്പോൾ…”
ചിതൽ പതുക്കെ ചോദിച്ചു.
“നീ രാജാവായിരുന്നില്ലേ? നിന്നെ ആരും ഭയന്നില്ലേ? ”
കസേര കണ്ണടച്ചതുപോലെ നിശ്ശബ്ദമായി.
കുറച്ചുനേരം കഴിഞ്ഞ് പറഞ്ഞു.
“ഞാൻ…
ഓരോ മനുഷ്യന്റെയും നിഴൽ മാത്രമായിരുന്നു.”
….
ഒരിക്കൽ സന്ധ്യ ഇരുട്ടിലേക്ക് വഴുതി മാറുന്ന സമയം. വലിയ മുറ്റം കടന്ന് ഒരു കാർ വന്ന് നിന്നു. നഗരത്തിൽ നിന്ന് വന്ന മക്കളും കൊച്ചുമക്കളും.
രാത്രി പുലരുവോളം ഒച്ചപ്പാടും ബഹളവും,
“ഇവിടെ ഇരിക്കാൻ പോലും ഒരു സാധനവും ഇല്ല, എല്ലാം ഈ പഴകിയ തടി കഷ്ണങ്ങൾ മാത്രം, ഇതിലൊക്കെ എങ്ങനെയാ ഇരിക്കുന്നെ..”
“ഈ പഴയ സാധനങ്ങളൊക്കെ നാളെ എടുത്ത് കളയണം.”
ഒരാൾ പറഞ്ഞു.
“ഈ കസേരയൊക്കെ കണ്ടില്ലേ, ഇതിൽ ഇരുന്നാൽ നടു പോയത് തന്നെ.”
“അതെടുത്തു മുറ്റത്തേക്ക് ഇട് ”
വീഴ്ചയിൽ കസേരയുടെ കാലിൽ ഒന്ന് ഒടിഞ്ഞു.
പക്ഷേ അത് കരഞ്ഞില്ല.
കാരണം… അവൻ അപ്പോഴും അവന്റെ മേൽ അമരുന്ന ആളിനായി കാത്തിരുന്നു. അവർക്ക് അതിനെ ഇനി ആവശ്യമില്ലാ എന്നവന് മനസിലായതേ ഇല്ല.
…..
രാത്രി.
ചിതൽ വീണ്ടും കസേരയുടെ കാലിൽ കയറാൻ തുടങ്ങി.
കസേര മൃദുവായി ചോദിച്ചു.
“നീ എന്നെ തിന്നുമോ?”
ചിതൽ തലകുലുക്കി.
“അതാണ് എന്റെ ജോലി.”
“എന്നാൽ ഒരു കാര്യം ചെയ്യാമോ?”
“എന്ത്?”
“നാളെ വരെ കാത്തിരിക്കുമോ?”
“എന്തിന്?”
കസേര വാതിലിലേക്ക് നോക്കി.
“അദ്ദേഹം വന്നേക്കാം.”
ചിതൽ ആ വാതിലിലേക്ക് നോക്കി.
പിന്നെ കസേരയിലേക്കും.
ചിതലിന് സത്യം പറയാമായിരുന്നു. ‘അദ്ദേഹം മരിച്ചിട്ട് ഇരുപത് വർഷമായി’ എന്ന്.
ആ വാതിലിനപ്പുറം ഒരു തറ മാത്രമേ ഉള്ളു എന്ന്, ആ ശൂന്യമായ തറയിൽ ഒരു സ്ഥൂപം പോലെ നിൽക്കുന്ന വാതിലിന് പുറകിൽ പടർന്ന്പി ടിച്ചിരിക്കുന്ന തന്റെ സഹോദരങ്ങൾ ഏതു നിമിഷവും മറിച്ചിട്ടേക്കാവുന്ന ഒരു പലക മാത്രമാണ് ആ വാതിലെന്ന്… പക്ഷേ അത് പറഞ്ഞില്ല.
ചില കാത്തിരിപ്പുകൾ തകർക്കുന്നതിലും നല്ലത് പ്രതീക്ഷയുടെ ഒരു രാത്രി കൂടി അധികം നൽകുന്നതാണ് കൂടുതൽ കരുണയുള്ള കാര്യമെന്ന് ചിതലിന് തോന്നിയിട്ടുണ്ടാവും.
ആ രാത്രി ചിതൽ ഒന്നും തിന്നില്ല.
കസേരയും ഉറങ്ങിയില്ല.
ഇനിയും വരാത്ത ഒരാളെയും…തിരിച്ചുവരാത്ത ഒരു കാലത്തെയും…പ്രതീക്ഷിച്ചുകൊണ്ട് ചിതലരിക്കുന്ന ഓർമകളുടെ ഭാരവുമായി അവർ ആ വാതിലിലേക്ക് നോക്കി ഇരുന്നു…
….
——




Comments