ഇ - മെയിൽ
- Sreekumar

- Jul 4
- 3 min read

ഈ ഗ്രാമത്തിലേക്ക് വെളിച്ചം ഇനിയും പൂർണ്ണമായി ഇറങ്ങിയിരുന്നില്ല.
മലകളുടെ പിന്നിൽ നിന്ന് സൂര്യൻ പതുക്കെ ഉയർന്നു വരികയായിരുന്നു. റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ പടർന്ന മഞ്ഞ്, ഉറക്കം വിട്ടുണരാൻ മടിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ മരക്കൊമ്പുകളിൽ തങ്ങി നിന്നു.
അനന്തൻ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. അവന്റെ മുന്നിൽ ഒരു കപ്പ് ചായ.
കയ്യിൽ ഒരു പുസ്തകം. ജീവിതം എത്ര തിരക്കുള്ളതായാലും രാവിലെ പത്ത് മിനിറ്റ് വായിക്കാതെ അവന്റെ ദിവസം തുടങ്ങാറില്ല.
അവൻ പുസ്തകത്തിന്റെ ഒരു പേജ് വായിച്ചു. പിന്നെ തല ഉയർത്തി വീട്ടിലേക്ക് നോക്കി.
അടുക്കളയിൽ സരിത തിരക്കിലാണ്. ഗ്യാസിന്റെ ശബ്ദം. സ്റ്റീൽ പാത്രങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം.
മകൾ കല്യാണി സ്കൂളിനായി ഒരുങ്ങുന്നു. അവളുടെ മുറിയിൽ നിന്ന് ഒരു മൂളി പാട്ട് കേൾക്കാം.
അച്ഛൻ മുറ്റത്ത് നടക്കുന്നു. പ്രമേഹരോഗിയായതിനാൽ രാവിലെ നടത്തം നിർബന്ധമാണ്.
അമ്മയുടെ ചുമ ഇടയ്ക്കിടെ കേൾക്കാം. ഹൃദയസംബന്ധമായ അസുഖവും പ്രായവും ചേർന്ന് അവളെ ക്ഷീണിതയാക്കിയിരുന്നു .
അനന്തൻ അവരെല്ലാവരെയും നോക്കി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഇതാണ് തന്റെ ലോകം. ഈ വീട്. ഈ മനുഷ്യർ. ഈ ഉത്തരവാദിത്തങ്ങൾ.
ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ ഒന്നുമില്ലായിരുന്നു. പക്ഷേ ഇവരെ സന്തോഷത്തോടെ നോക്കാൻ കഴിയണം. അതായിരുന്നു അവന്റെ ഏറ്റവും വലിയ സ്വപ്നം.
“അച്ചാ…”
കല്യാണി ഓടിവന്നു.
“എന്റെ സയൻസ് പ്രൊജക്ടിനുള്ള സാധനങ്ങൾ വാങ്ങാൻ മറക്കല്ലേ.”
“മറക്കുമോ ഞാൻ?”
“കഴിഞ്ഞ ആഴ്ച മറന്നല്ലോ.”
“അത് ഒരു തവണ.”
“എന്നാലും മറന്നു.”
അവൾ ചിരിച്ചു. അനന്തൻ അവളുടെ തലയിൽ കൈവച്ചു.
അവൾ വീണ്ടും അകത്തേക്ക് ഓടി. അവളുടെ ആ ഓട്ടം കാണുമ്പോൾ അനന്തന്റെ മനസ്സിൽ ഒരു ചിന്ത വന്നു.
ഇപ്പോൾ ഒൻപതാം ക്ലാസ്. അഞ്ച് വർഷം കഴിഞ്ഞാൽ കോളേജ്. പിന്നെ ഉയർന്ന പഠനം. അതിന് എത്ര പണം വേണം?
അവൻ മനസ്സിൽ കണക്കുകൂട്ടി. ഒരു അച്ഛന്റെ ജീവിതം പലപ്പോഴും കണക്കുകൂട്ടലുകളാണ്.
സ്വന്തം സ്വപ്നങ്ങളുടെ കണക്കല്ല. മക്കളുടെ ഭാവിയുടെ കണക്ക്.
അപ്പോൾ സരിത ചായയുമായി വന്നു.
“എന്താ ഇത്ര ചിന്ത?”
“ഒന്നുമില്ല.”
“ഓഫീസ്സിൽ പോകുന്നില്ലേ?”
അനന്തൻ ചിരിച്ചു.
“പോകണം .”
രാവിലെ ഏഴര.
അനന്തൻ കാർ സ്റ്റാർട്ട് ചെയ്തു.
എല്ലാ ആഴ്ചയിലും റാന്നിയിൽ നിന്ന് കൊച്ചി ഇൻഫോപാർക്കിലേക്കുള്ള യാത്ര അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള ദൂരം കിലോമീറ്ററുകളിൽ അളക്കാനാവില്ല. ഉത്തരവാദിത്തങ്ങളിൽ അളക്കണം.
കാറിന്റെ ഡാഷ്ബോർഡിൽ ചെറിയൊരു ഫോട്ടോ. കല്യാണിയുടെ.
സ്കൂളിലെ വാർഷികാഘോഷ ദിവസം എടുത്തത്. അവൻ ഓരോ ദിവസവും അത് നോക്കും. ഒരു ഓർമ്മപ്പെടുത്തൽ പോലെ.
“നീ ക്ഷീണിക്കരുത്.”
റോഡ് മുന്നോട്ട് നീങ്ങി. പുറത്ത് കേരളത്തിന്റെ പച്ചപ്പ്. മഴയിൽ കുതിർന്ന മരങ്ങൾ, പുഴകൾ, ചെറിയ കടകൾ, ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്ന ആളുകൾ. ജീവിതം എല്ലായിടത്തും ഒരേപോലെ തിരക്കിലാണ്.
അവന്റെ ഫോൺ ബ്ലൂടൂത്തിൽ കണക്റ്റ് ചെയ്തിരുന്നു. സുഹൃത്ത് വിമലിന്റെ കാൾ വന്നു.
“പുതിയ മ്യൂച്വൽ ഫണ്ട് നോക്കിയോ?”
അനന്തൻ ചിരിച്ചു.
അത് അവന്റെ ഒരു ഹോബിയായിരുന്നു. വായനയ്ക്ക് ശേഷം ഏറ്റവും ഇഷ്ടമുള്ളത് സാമ്പത്തിക ആസൂത്രണം.
പണം അവന് ഇഷ്ടമായതുകൊണ്ടല്ല. പണം ഇല്ലാത്ത അവസ്ഥ അവൻ കണ്ടിട്ടുള്ളതുകൊണ്ട്. ബാല്യത്തിൽ പല ദിവസവും അച്ഛൻ പണം കണ്ടെത്താൻ വിഷമിക്കുന്നത് അവൻ കണ്ടിട്ടുണ്ട്.
ഒരു ബിൽ അടയ്ക്കാൻ കഴിയാതെ ആശുപത്രിയിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്. അത് തന്റെ മകളുടെ ജീവിതത്തിൽ ഉണ്ടാകരുത്.
അതുകൊണ്ടാണ് അവൻ SIP തുടങ്ങിയത്. ഇൻഷുറൻസ് എടുത്തത്.
ഓരോ രൂപയും സൂക്ഷ്മമായി ചെലവഴിച്ചത്.
ഇനി കിട്ടിയാൽ മാസചിലവുകൾ കൂടും.
……..
ഇൻഫോപാർക്ക്. സാധാരണ പോലെ തിരക്ക്.
യുവാക്കളും യുവതികളും തിരക്കിട്ട് നടക്കുന്നു. സൗഹൃദം പങ്കിട്ട് ചിരിക്കുന്ന മുഖങ്ങൾ.
ലിഫ്റ്റിൽ കയറി. രണ്ടാം നില. ഓഫീസ്. സഹപ്രവർത്തകർ.
“ഹായ് അനന്താ.”
“മോണിംഗ്.”
“ഇന്ന് എത്തിയതേ ഉള്ളോ? ”
“അതെ.”
എല്ലാം പതിവുപോലെ. ഒരു സാധാരണ ദിവസം. അല്ലെങ്കിൽ അങ്ങനെ തോന്നുന്ന ദിവസം. അവൻ തന്റെ സീറ്റിൽ ഇരുന്നു. ലാപ്ടോപ്പ് തുറന്നു. സ്ക്രീനിൽ കമ്പനി ലോഗിൻ തെളിഞ്ഞു. അവൻ പാസ്വേഡ് ടൈപ്പ് ചെയ്തു.
ഇ-മെയിലുകൾ തുറന്നു.
അമ്പത് മെയിലുകൾ.
അറുപത്.
എഴുപത്.
സാധാരണ ജോലികൾ. ക്ലയന്റ് അപ്ഡേറ്റുകൾ. ടീം സന്ദേശങ്ങൾ.
അവയ്ക്കിടയിൽ ഒരു മെയിൽ. ചുവന്ന അടയാളത്തോടെ.
Subject: Team Discussion – Mandatory Attendance
അവൻ ഒരു നിമിഷം നിന്നു. പിന്നെ മെയിൽ തുറന്നു. മൂന്ന് വരികൾ.
ഒരു മീറ്റിംഗ്.
രാവിലെ 10 മണി.
അവൻ അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല.
ഒരുപക്ഷേ പുതിയ പ്രൊജക്റ്റ് ചർച്ച. അല്ലെങ്കിൽ ടീം റീസ്ട്രക്ചറിംഗ്. ഓഫീസിൽ അങ്ങനെ പല മീറ്റിംഗുകളും നടക്കാറുണ്ട്.
അവൻ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.
……..
10 മണി
.
ഓൺലൈൻ ടീം മീറ്റിംഗ്, മാനേജർ, കൗൺസിലർ, അവന്റെ ഡയറക്റ്റ് ഹെഡ്.
രണ്ടുപേരുടെയും മുഖത്ത് അസ്വസ്ഥത. അനന്തന് ചെറിയൊരു ഭയം തോന്നി.
“ഹായ് അനന്തൻ .”
ചില നിമിഷങ്ങൾ നിശബ്ദത.
പിന്നെ അവർ സംസാരിച്ചു.
“Ananthan… this is a difficult conversation.”
അവന്റെ ഹൃദയം പെട്ടെന്ന് ശക്തമായി മിടിച്ചു.
“Due to business restructuring…”
അവൻ കേൾക്കാൻ ശ്രമിച്ചു.
“Position impacted…”
വാക്കുകൾ വായുവിൽ ഒഴുകുന്നതുപോലെ.
“Termination…”
ആ വാക്ക് മാത്രം വ്യക്തമായി കേട്ടു. ബാക്കി എല്ലാം മങ്ങിപ്പോയി. ആരെങ്കിലും തന്റെ നിശ്വാസവായു വലിച്ചെടുത്തതുപോലെ. അവന്റെ കൈകൾ വിറച്ചു. മുഖം വരണ്ടു.
പതിനാല് വർഷം. ഇത്രനാളത്തെ അധ്വാനം. ആയിരക്കണക്കിന് രാത്രികൾ.
വീട്ടുകാരോടൊപ്പം ചെലവഴിക്കാനാകാതിരുന്ന അവധികൾ. എല്ലാം ഒരു വാക്കിൽ അവസാനിച്ചു.
Termination.
അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
സെവറൻസ് പാക്കേജ്.
സപ്പോർട്ട്.
ട്രാൻസിഷൻ.
എന്നാൽ അനന്തൻ ഒന്നും കേട്ടില്ല. അവന്റെ മനസ്സിൽ മുഖം മൂടി വച്ച കോലങ്ങൾ താളം നഷ്ടപ്പെട്ട് പേ കൂത്ത് നടത്തുന്നുണ്ടായിരുന്നു, രൂപമില്ലാത്ത കൊലങ്ങളെ അവന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.
ഹോം ലോൺ.
കാർ ലോൺ.
ക്രെഡിറ്റ് കാർഡ്.
മകളുടെ സ്കൂൾ ഫീസ്.
അമ്മയുടെ മരുന്നുകൾ.
അച്ഛന്റെ ആശുപത്രി.
ഓരോ ബാധ്യതയും അവന്റെ മുന്നിൽ മനുഷ്യരായി നിൽക്കുന്നതുപോലെ തോന്നി.
അവനെ നോക്കി. ചോദിച്ചു.
“ഇനി നീ എന്ത് ചെയ്യും?”
….
മീറ്റിംഗ് കഴിഞ്ഞു.
അവൻ പുറത്തേക്ക് നടന്നു. ഓഫീസ് പഴയതുപോലെ തന്നെയായിരുന്നു.
നർമ സല്ലാപം നടത്തുന്ന ആളുകൾ, ജോലിയിൽ മുഴുകി ഇരിക്കുന്നവർ, അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ.
ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ അനന്തന്റെ ലോകം ചീട്ട് കൊട്ടാരം പോലെ.
ലിഫ്റ്റ് അവന്റെ ക്ഷമയെ പരീക്ഷിക്കുന്ന പോലെ തോന്നിയപ്പോൾ വിജനമായ പടിക്കെട്ടുകൾ അവനെ മാടി വിളിച്ചു
അവൻ പാർക്കിങ്ങിലേക്ക് നടന്നു.
കാറിൽ കയറി. വാതിൽ അടച്ചു. ചില നിമിഷങ്ങൾ. നിശബ്ദത.
പിന്നെ ഫോൺ മുഴങ്ങി.സരിത. അവൻ കണ്ണുകൾ തുടച്ചു. ഫോൺ എടുത്തു.
“ഹലോ.”
“എപ്പോൾ എത്തി ഓഫീസിൽ?”
“11 മണിക്ക് .”
“ലഞ്ച് കഴിക്കാൻ മറക്കണ്ട.”
“ഇല്ല.”
“തിരികെ വരുമ്പോൾ കല്യാണിയുടെ സാധനങ്ങൾ വാങ്ങണം.”
“ശരി.”
ശബ്ദം സാധാരണപോലെ കേൾക്കാൻ അവൻ ശ്രമിച്ചു. ഫോൺ കട്ട് ചെയ്തു., പിന്നെ സ്റ്റിയറിങ്ങിൽ തല ചായ്ച്ചു.
അവന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
ശബ്ദമില്ലാതെ. ആരും കാണാതെ.
ഒരു പുരുഷൻ കരയുമ്പോൾ ലോകം അത് കാണാറില്ല. പക്ഷേ അവന്റെ ഉള്ളിൽ ഒരു സമുദ്രം തിര അടിക്കുന്നുണ്ടായിരുന്നു.
ആ കാറിനുള്ളിൽ ഇരുന്ന് അനന്തൻ ആദ്യമായി ഭയന്നു. ജോലി നഷ്ടപ്പെട്ടതുകൊണ്ടല്ല.വീട്ടിൽ താൻ പറയേണ്ടി വരും എന്ന ചിന്ത കൊണ്ടാണ്.
അമ്മയോട്.
അച്ഛനോട്.
ഭാര്യയോട്.
മകളോട്.
അവരുടെ സുരക്ഷിതത്വത്തിന്റെ മതിൽ താനായിരുന്നു. ആ മതിൽ ഇന്ന് തകർന്നിരിക്കുന്നു.
അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചു, പതിയെ കാറിൽ നിന്നും ഇറങ്ങി ഓഫീസ് ബിൽഡിങ്ങിന്റെ അരുകിൽ നിന്നും ചുറ്റും നോക്കി, വിശാലമായ ഇൻഫോപാർക്കിനുള്ളിൽ ആകാശം മുട്ടിയുള്ള കെട്ടിടങ്ങൾ…
….
——




Comments