top of page

മണിയന്റെ ക്രിസ്മസ്

Updated: Feb 15



ക്രിസ്മസ് തലേന്നുള്ള രാത്രി, മഞ്ഞ് പുതപ്പുപോലെ നഗരത്തിനു മേൽ പൂർണ്ണമായി വീണിരുന്നു.

ലോറി മുന്നോട്ട് നീങ്ങുമ്പോൾ, അതിന്റെ ഇരുമ്പുകമ്പികളിലൂടെ തെരുവിന്റെ വെളിച്ചങ്ങൾ മണിയന്റെ കണ്ണുകളിൽ തട്ടി ചിതറുകയായിരുന്നു. ചുവപ്പും പച്ചയും നീലയും കലർന്ന അലങ്കാരവെളിച്ചങ്ങൾ, വീടുകളുടെ മുന്നിൽ തൂങ്ങിയ നക്ഷത്രങ്ങൾ പരസ്പരം മത്സരിച്ചു കണ്ണുചിമ്മുന്നതുപോലെ; കടകളുടെ മുന്നിലെ തിരക്ക്, നഗരം മുഴുവൻ ഒരു ഉത്സവമായി മാറിയിരുന്നു.

വഴികളിൽ ആളുകൾ നിറഞ്ഞു.

കൈകളിൽ സമ്മാനപ്പൊതികളും കേക്കുകളും വൈനുകളും.

എങ്ങും കുട്ടികളുടെ ചിരികൾ.

കരോൾ പാടിക്കൊണ്ട് നടക്കുന്ന കൂട്ടങ്ങൾ.

“കാലിത്തൊഴുത്തിൽ…”

“ജിംഗിൾ ബെൽസ്…”

പാട്ടുകൾ തെരുവിലൂടെ ഒഴുകി, ലോറിയുടെ ഉള്ളിലേക്കും കയറി വന്നു.

മണിയൻ തല ഒന്ന് ഉയർത്തി.

അവന്റെ മുന്നിലെ ലോകം സന്തോഷത്തിൽ മുങ്ങിയിരിക്കുകയാണ്.

എന്നാൽ ലോറിയുടെ ഉള്ളിലെ ലോകം വെളിച്ചമില്ലാത്തതും ശൂന്യവും നിശ്ശബ്ദത നിറഞ്ഞതുമായിരുന്നു.

ചുറ്റും കാളകളും എരുമകളും മിണ്ടാതെ നിൽക്കുന്നു. ഒരാളും മറ്റൊരാളോട് നോക്കുന്നില്ല. വീടുവിട്ടവരുടെ നിശ്ശബ്ദത അവിടെ കട്ടിയായി കിടക്കുന്നു. നിരാശയും മൗനവും കലർന്ന അവരിൽ ശ്വാസം പോലും ഇല്ലെന്നു മണിയന് തോന്നി.

ലോറി ഒരു സിഗ്നലിൽ നിന്നു.

അവിടെ ഒരു അച്ഛൻ കുട്ടിയെ ചുമലിലേറ്റി റോഡ് കടക്കുന്നു. കുട്ടി നക്ഷത്രത്തിലേക്ക് വിരൽ ചൂണ്ടി ചിരിക്കുന്നു. അമ്മ അവരുടെ പിന്നാലെ. ആ കാഴ്ചയിൽ മണിയൻ ഒരു നിമിഷം നിശ്ചലമായി.

അവന്റെ ഉള്ളിൽ പതിയെ,

സ്വന്തം വീടിന്റെ മുറ്റം തെളിഞ്ഞു.

—–

വീട്ടിൽ രാവിലെ പുല്ലിന് മുകളിൽ മഞ്ഞുതുള്ളികൾ വീഴുമ്പോൾ, മണിയൻ ആദ്യം എഴുന്നേൽക്കും. മാവിൻചുവട്ടിലേക്ക് നടക്കും. അടുക്കളവാതിൽ തുറക്കുമ്പോൾ പാത്രങ്ങൾ കലപിലകൂട്ടുന്ന ശബ്ദം കേൾക്കും. അവിടെ നിന്നാണ് അവന്റെ ദിവസം തുടങ്ങുന്നത്.

കണ്ണൻ സ്കൂളിലേക്കു പോകും മുൻപ് ഒരിക്കലും മണിയനെ കാണാതെ പോകാറില്ല.

“മണിയാ…”

എന്ന് വിളിച്ചാൽ, മണിയൻ ചെവി കുലുക്കി അവന്റെ അടുക്കലേക്ക് ഓടും. കണ്ണൻ അവന്റെ നെറ്റിയിൽ തലോടും. ആ തലോടൽ പതിയെ താടിയിലേക്കും കഴുത്തിലേക്കും സഞ്ചരിക്കും. മണിയന് അത് ഇഷ്ടമാണ്.

കുഞ്ഞി കണ്ണന്റെ അനിയത്തി.

അവൾ മണിയന്റെ കാലുകൾക്കിടയിൽ ഓടിക്കളിക്കും. വാലിൽ പിടിച്ച് വഴക്കിടും. വീണാൽ കരയും. അവൾ കരഞ്ഞാൽ മണിയൻ നീങ്ങാതെ നിൽക്കും, അവൾ എഴുന്നേൽക്കുന്നതുവരെ.

അവൾ എഴുന്നേൽക്കുമ്പോൾ ചിരിക്കും.

ആ ചിരി മാത്രം മതി മണിയന്റെ മനസ്സ് നിറയാൻ.

——

ലോറി വീണ്ടും നീങ്ങിത്തുടങ്ങി.

വഴിയോരങ്ങളിൽ തിരക്ക് കൂടി. പള്ളിയുടെ മുന്നിലൂടെ വണ്ടി കടന്നപ്പോൾ മണികൾ മുഴങ്ങി. ആളുകൾ അകത്തേക്ക് കയറുന്നു. എങ്ങും ക്രിസ്മസ് ഒരുക്കങ്ങൾ, നഗരം ഉണർന്നിരിക്കുകയാണ്.

പള്ളിയുടെ മുറ്റത്ത് വലിയൊരു തൊഴുത്ത്. അതിൽ നിറയെ കാലികൾ. മാലാഖമാർക്കൊപ്പം ഉണ്ണിയേശുവിനെ കണ്ട്, മിഴി പൂട്ടാതെ അവർ നോക്കി നിൽക്കുന്നു.

മണിയന്റെ മനസ്സിൽ കഴിഞ്ഞ രാത്രി തെളിഞ്ഞു വന്നു.

—–

അടുക്കളയിലെ വിളക്ക് മങ്ങിനിന്നു. പാത്രങ്ങൾ കഴുകിയ ശബ്ദം നിലച്ചിരുന്നു. മണിയൻ അമ്മയോടൊപ്പം അടുക്കളവശത്തെ ചായ്പ്പിൽ കിടക്കുന്നു . അവൻ ഉറങ്ങിയിരുന്നില്ല. അകത്തുനിന്നു പതിഞ്ഞു വരുന്ന ശബ്ദങ്ങൾ അവൻ കാതോർത്തു.

“നിങ്ങൾ എന്താ പറയുന്നേ?”

അവളുടെ ശബ്ദം ക്ഷീണിച്ചതായിരുന്നു.

“ഇതിനെ ഇനി നിർത്തിയിട്ട് എന്ത് പ്രയോജനം?”

യജമാനന്റെ വാക്കുകൾ.

പ്രയോജനം?

ആരുടെ കാര്യമാകും അവർ പറയുന്നത്, മണിയൻ ചെവി കൂടുതൽ കൂർപ്പിച്ചു.

“ഇപ്പോൾ കൊടുത്താൽ നല്ല വില കിട്ടും. ഇനി വെറുതെ വയ്‌ക്കോലും പിണ്ണാക്കും കൊടുത്ത് നിർത്തുന്നതിനുപകരം അത് പശുക്കൾക്ക് കൊടുക്കാമല്ലോ.”

“എന്നാലും അവൻ നമ്മുടെ മണിയനല്ലേ… കുട്ടികൾ…?”

അവളുടെ ശബ്ദം ഇടറി.

“കുട്ടികൾ ഇപ്പോൾ നിൻ്റെ വീട്ടിലല്ലേ. അവർ നാളെയോ മറ്റന്നാളോ വരും. അവർ വന്നാൽ സമ്മതിക്കില്ല. അതുകൊണ്ടാണ് ഇപ്പോൾ തന്നെ.”

ഒരു നിമിഷം നിശ്ശബ്ദം.

ആ വാക്കുകൾ മണിയന്റെ ചെവിയിൽ തട്ടിയില്ല. അവ അവന്റെ ഉള്ളിലേക്കാണ് വീണത്.

“കുട്ടികൾക്ക് മണിക്കുട്ടി ഉണ്ടല്ലോ.”

മണിയൻ ഓർത്തു.

കുഞ്ഞി തിന്നാൻ കൊടുക്കുമ്പോൾ ആദ്യം അവന്റെ മുന്നിൽ വയ്ക്കുന്നതും,

കണ്ണൻ “എന്റെ മണിയാ” എന്ന് വിളിച്ചതും,

ഇളം പുല്ലുകൾ മാത്രം തിരഞ്ഞെടുത്ത് തനിക്കു തന്നതും!

ഇതെല്ലാം വെറുതെയായിരുന്നോ?

“മണിക്കുട്ടിയാണെങ്കിൽ നമുക്ക് ഉപകാരം ഉണ്ട്.”

ഉപകാരം!

മണിയൻ ആ വാക്ക് വീണ്ടും കേട്ടു.

മണിക്കുട്ടി ഒരു മടിച്ചിയാണ്, എപ്പോഴും ചവച്ചുകൊണ്ടിരിക്കും.

ഞാനല്ലേ എപ്പോഴും ചുറുചുറുക്കോടെ നടക്കുന്നത്?

അപ്പോൾ അവന്റെ ഉള്ളിൽ ഒരു ചിന്ത പൊട്ടിപ്പുറപ്പെട്ടു,

ഞാൻ കാളയായതുകൊണ്ടാണോഅവർക്ക് എന്നെ വേണ്ടാത്തത്?

——

അവന് ചിണ്ടനെ ഓർമ്മ വന്നു.

ചെറിയ ശരീരം. ചുറുചുറുക്കുള്ള നടപ്പ്. വാൽ ഇളക്കി യജമാനന്റെ പിന്നാലെ നടക്കും. യജമാനൻ പുറത്തേക്കു പോകുമ്പോൾ ചിണ്ടനും കൂടെ. തിരിച്ചു വരുമ്പോഴും കൂടെ.

അവനെ കൊണ്ടുവന്ന ദിവസം കണ്ണൻ ചോദിച്ചത് മണിയൻ കേട്ടിരുന്നു.

“അച്ഛാ, ആ മറ്റേ കുഞ്ഞിപട്ടിയെ മതിയാരുന്നു…”

“അത് പെൺപട്ടിയല്ലേ. നമുക്ക് വേണ്ട. ആൺപട്ടി മതി. എപ്പോഴും അതാണ് നല്ലത്.”

അന്ന് ആ വാക്കുകൾ അവന് മനസ്സിലായില്ല.

ഇന്നും…

പൂർണ്ണമായി മനസ്സിലാകുന്നില്ല.

അവനെപ്പോലെ തന്നെയാണല്ലോ ഞാൻ?

മണിക്കുട്ടിയെ വെച്ചിട്ടുണ്ട്, ഉപയോഗമുണ്ടെന്ന് അവർ പറയുന്നു.

പട്ടി പക്ഷേ ആൺപട്ടി ആയിരിക്കണം.

കൃഷിയില്ല. വണ്ടിയില്ല.

പിന്നെ ഇതിനെന്ത് ഉപയോഗം?

ഒന്നുമാത്രം മനസ്സിലായി അവർക്ക് എന്നെ കൊണ്ട് ഒരുപയോഗവും ഇല്ല.

——-

ലോറി ഒന്നു കുലുങ്ങി നിന്നു.

അവനെ ചിന്തകളിൽ നിന്നു തിരിച്ചു കൊണ്ടുവന്നു.

പുറത്ത് നഗരം ഇപ്പോഴും സന്തോഷത്തിലാണ്.

അകത്ത്, മണിയന്റെ മനസ്സിൽ ചോദ്യങ്ങൾ മാത്രം.

അപ്പോൾ അവന് കണ്ണന്റെ ചിറ്റയെ ഓർമ്മ വന്നു.

കഴിഞ്ഞ ഓണത്തിന്.

ചിറ്റയെ ദൂരെയുള്ള മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയ ദിവസം.

ചിറ്റയുടെ കഴുത്തിൽ കെട്ടിപ്പിടിച്ച് കണ്ണൻ കരയുന്നു.

അന്ന് ചിറ്റ കണ്ണനെ നോക്കി പറഞ്ഞത് മണിയൻ കേട്ടിരുന്നു..

“കരയണ്ട…

നാളെ നീ വലുതാകുമ്പോൾ

എന്റെ അടുത്തേക്ക് നിനക്ക് വരാമല്ലോ.”

ആ വാക്കുകൾ ഇന്ന് മണിയന്റെ ഉള്ളിൽ ഒരു പ്രതീക്ഷയായി.

അതുപോലെ തന്നെയല്ലേ ഞാൻ?

ഇപ്പോൾ ഞാൻ ചെറുതാണ്.

കയറിൽ കെട്ടിയിരിക്കുന്നു.

എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല.

പക്ഷേ നാളെ—

ഞാനും വലുതാകുമ്പോൾ ഈ കയറുകൾ പൊട്ടിക്കും.

എത്ര ദൂരെ കൊണ്ടുപോയാലും വഴി കണ്ടെത്തും.

അപ്പോഴും കണ്ണനും കുഞ്ഞിയും എന്നെ കാത്തിരിക്കുന്നുണ്ടാവും…

——-

ലോറി നഗരം വിട്ട് ഒരൊഴിഞ്ഞ സ്ഥലത്തേക്ക് ഒതുങ്ങി നിന്നു.

വെളിച്ചങ്ങൾ അകലെ മങ്ങിയിരുന്നു.

പാട്ടുകൾ കേൾക്കാതായി.

വഴികൾ ശൂന്യമായി.

മണിയൻ തല താഴ്ത്തി.

അറിയാതെ അവന്റെ കണ്ണിൽ നിശ്വാസത്തിന്റെ കുമിളകൾ പൊട്ടി.

അവന്റെ ഉള്ളിൽ വീടും മുറ്റവും വീണ്ടും തെളിഞ്ഞു.

അവിടെ കണ്ണനും കുഞ്ഞിയും ഇല്ലായിരുന്നു.

ക്രിസ്മസ് വിളക്കുകൾ അണഞ്ഞിരുന്നു.

അവന്റെ അമ്മ ഇനിയും കിടന്നിട്ടില്ല.

വിദൂരതയിലേക്ക് കണ്ണുനട്ട്, അവൻ യാത്രപുറപ്പെട്ടപ്പോൾ നിന്നതുപോലെ ഇപ്പോഴും അവൾ അവിടെ നിൽക്കുന്നു.

ലോറിയിലെ മണിയൻ മാത്രം.

മറ്റുള്ളവർ താഴെ ഇറങ്ങിയിരിക്കുന്നു.

ആ വീട്ടിലേക്ക് വീണ്ടും എത്തുമെന്ന ഒരു പ്രതീക്ഷയുമായി, അവൻ കയറിനൊപ്പം നിശ്ശബ്ദമായി ഇരുളടഞ്ഞ പറമ്പിലേക്ക് നടന്നു.

——


 

1 Comment


🥹🥹🥹❤️

Like
  • Facebook
  • LinkedIn
  • Instagram
  • Whatsapp
  • mail

©2022 by yessenseart

bottom of page